പ്രതിസന്ധികൾക്കു മുന്നിൽ മുട്ടുമടക്കാൻ തയ്യാറല്ലാത്ത നാല്പത്തേഴുകാരനായ ചണ്ഡിഗഢ് സ്വദേശിയാണ് മേജർ ദേവേന്ദർ പാൽ സിങ്. ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിച്ച മുൻ സൈനികരുമായി മുഖാമുഖം പരിപാടി നടത്തുന്ന ഒരു ഓൺലൈൻ വീഡിയോ പരമ്പരയുണ്ട് അദ്ദേഹത്തിന്. "മരണം എന്ന വാക്കുമാത്രം മിണ്ടിപ്പോകരുത്" എന്നാണ് ആ പരമ്പരയുടെ പേര്. പ്രതിസന്ധികൾക്കുനേരെ "ചെകുത്താനേ ദൂരെപ്പോ" എന്നാജ്ഞാപിക്കുന്ന സ്വന്തം വീരപ്രകൃതത്തിൻ്റെ വ്യാഖ്യാനംതന്നെയാണ് ആ വാചകം. ഇന്ത്യയിലെ പ്രഥമ ബ്ലേഡ് റണ്ണറും ആദ്യ സ്കൈ ഡൈവറുമാണ് DP എന്ന വിളിപ്പേരിലറിയപ്പെടുന്ന ദേവേന്ദർ പാൽ സിങ്. അദ്ദേഹത്തിൻ്റെ ജീവിതകഥ പറയുന്ന ഗ്രാഫിക് നോവലാണ് "ഗ്രിറ്റ് ".
ജാനുവരി 13-ന് ആണ് DP ജനിച്ചതെങ്കിലും സ്കൂൾ പ്രവേശനത്തിനുള്ള പ്രായ നിബന്ധന പാലിക്കാൻ മാതാപിതാക്കൾ അവൻ്റെ ജനനത്തീയതി സെപ്തംബർ 13 എന്നാക്കുകയായിരുന്നു. കാർഗിൽ യുദ്ധത്തിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മരണത്തിൻ്റെ പടിവാതില്ക്കലെത്തിയ ശേഷം ജീവിതത്തിലേക്കു തിരിച്ചെത്തിയ ജൂലൈ പതിനഞ്ചും ജന്മദിനമായി അദ്ദേഹം ആഘോഷിക്കുന്നുണ്ട്. മിലിട്ടറി ആശുപത്രിയിലെ ഒരു ഡോക്ടർ DP മരിച്ചെന്നു വിധിച്ചതാണ്. എന്നാൽ മറ്റൊരു ഡോക്ടർ അദ്ദേഹത്തെ പുനരുജ്ജീവിപ്പിച്ചു. ബോംബ് ഷെല്ലുകൾ അദ്ദേഹത്തിൻ്റെ എല്ലുകൾ ഛിന്നഭിന്നമാക്കുകയും ആന്തരാവയവങ്ങളിലേക്കു തുളഞ്ഞുകയറുകയും ചെയ്തു. വലതുകാൽ മുട്ടിനു താഴെ മുറിച്ചു മാറ്റേണ്ടിവന്നു. കർക്കശമായ നിശ്ചയദാർഢ്യത്താൽ പത്തു വർഷക്കാലംകൊണ്ട് നടക്കാറായെന്നു മാത്രമല്ല, അയാൾ ഓടിത്തുടങ്ങുകയും ചെയ്തു.
2009-ൽ അംഗഭംഗം സംഭവിച്ചവരുടെ അർദ്ധ മാരത്തൺ ഓട്ടത്തിൽ DP വിജയിയായി. പരിക്കേല്ക്കാത്ത കാലുകൊണ്ട് തത്തിച്ചാടിയും കൃത്രിമക്കാൽ വലിച്ചു വച്ചുമാണ് അയാൾ അതു സാധിച്ചത്. അംഗഭംഗം സംഭവിച്ചവരെ തൻ്റൊപ്പം ഓടാൻ പ്രചോദിപ്പിച്ചുകൊണ്ട് "വെല്ലുവിളികളെ നേരിടുന്നവർ" എന്നർത്ഥമുള്ള "ദ ചാലഞ്ചിങ് വൺസ്" (TCO - The Challenging Ones) എന്ന പേരിൽ ഒരു സർക്കാരിതര സ്ഥാപനം 2011-ൽ അദ്ദേഹം സ്വന്തമായി തുടങ്ങി. അക്കൊല്ലം ബ്ലേഡ് ഘടിപ്പിച്ചതിനുശേഷമാണ് അയാൾക്ക് നേരാംവണ്ണം ഓടാനായത്. ഇതിനോടകം അയാൾ ഇരുപത്താറ് അർദ്ധമാരത്തൺ ഓടുകയും അംഗഭംഗം സംഭവിച്ചവരുടെ കൂട്ടായ്മയിലെ അംഗങ്ങളുടെ എണ്ണം 1600 - ൽപരമാകുകയും ചെയ്തു.
സഹസൈനികരാണ് ദേവേന്ദർ പാലിന് DP എന്ന പരിഹാസപ്പേരു നല്കിയത്. പട്ടാളഭാഷയിൽ "ഡ്രിൽ പർപ്പസ്" എന്നതിൻ്റെ ചുരുക്കമാണ് DP. പ്രവർത്തനരഹിതമായ റൈഫിളുകളാണ് ഡ്രിൽ ആവശ്യങ്ങൾക്കു നല്കുന്നത്. അതിനാൽ ദേവേന്ദർ പാൽ എന്നതിൻ്റെ ചുരുക്കമായ DP കൊണ്ട് പ്രവർത്തനക്ഷമമല്ലാത്തയാൾ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുകയായിരുന്നു സഹപ്രവർത്തകർ. പ്രവർത്തനക്ഷമമായത് അഥവാ "സർവ്വീസബ്ൾ" എന്നതിൻ്റെ വിപരീർത്ഥമാണ് DP എന്ന പ്രയോഗത്തിനുള്ളത്. എന്നാൽ താൻ വെറുമൊരു പ്രദർശനവസ്തുവല്ലെന്ന് DP തെളിയിച്ചുകൊടുത്തു.
"DP ക്ക് എന്തെങ്കിലും ചെയ്യാനാകുമെങ്കിൽ സർവ്വീസബ്ളിന് അദ്ഭുതങ്ങൾ തന്നെ സൃഷ്ടിക്കാനാകും", പരിഹസിച്ചവർക്ക് കണക്കിനു കൊടുത്തുകൊണ്ട് അദ്ദേഹം സരസമായി പറഞ്ഞു. തൻ്റെ നേട്ടങ്ങൾ അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിക്കൊടുത്തു. പക്ഷേ, അവയൊന്നും പ്രതീക്ഷ കൈവിടാതിരിക്കാൻ പ്രേരിപ്പിക്കുകയെന്ന തൻ്റെ പ്രധാനോദ്ദേശ്യത്തിൽനിന്ന് അയാളെ വ്യതിചലിപ്പിച്ചില്ല. പ്രചോദനാത്മകമായ പ്രഭാഷണങ്ങൾ നടത്തുന്നയാൾ എന്ന നിലയ്ക്ക് സിക്കുകാരുടെ വിശുദ്ധഗ്രന്ഥമായമായ "ഗുർബാനി"യിലെ "മൻ ജീതേ, ജഗ് ജീത്" - മനസ്സിനെ കീഴടക്കിയാൽ ലോകം കീഴടക്കാനാകും" - എന്ന ഉപദേശം അദ്ദേഹം കൂടെക്കൂടെ ഉദ്ധരിക്കാറുണ്ട്.