ഛേഗോൺ ഗ്രാമവാസിയായ ഗോവിന്ദ മജുംദാറിനു വീട്ടിൽനിന്നു നാലു കിലോ മീറ്റർ ദൂരെയുള്ള ചായക്കടയിലേക്ക് നടന്നുപോകാനാണിഷ്ടം. മടക്കത്തിൽ തൻ്റെ അനന്തരവർക്കായി മധുരപലഹാരങ്ങൾ വാങ്ങാൻ അയാൾ മറക്കാറില്ല. കാഴ്ചശക്തിയും ശ്രവണ-സംസാരശേഷിയുമില്ലെന്നതൊഴിച്ചാൽ ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല.
അസ്സമിലെ കാമരൂപ് ജില്ലക്കാരനായ ഈ മുപ്പത്തേഴുകാരന് തൻ്റെ ഗ്രാമത്തിൻ്റെ ഭൂമിശാസ്ത്രം സ്വന്തം കൈത്തലംപോലെ സുപരിചിതമാണ്. കൈകൾകൊ ണ്ട് സ്പർശിച്ചറിഞ്ഞും കൈപ്പത്തിയിൽ അടയാളങ്ങൾ കാട്ടിയുമാണ് അയാൾ ആശയവിനിമയം സാദ്ധ്യമാക്കുന്നത്. ജന്മനാ കേൾവിശക്തിയില്ലാതിരുന്ന അയാൾക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് റൂബെലാ വൈറസ് ബാധയെത്തുടർന്ന് കാഴ്ച നഷ്ടപ്പെടുന്നത്. ആ പ്രായത്തിൽ കണ്ട കാഴ്ചകളിലൊതുങ്ങുന്നു ഈ ലോകത്തെക്കുറിച്ചുള്ള അവൻ്റെ ഓർമ്മകൾ. അയാൾ പഠിച്ചിരുന്ന ഗുവാഹത്തിയിലെ ശിശുസാരഥി എന്ന വിദ്യാലയത്തിൻ്റെ ഘടകമായ "സ്പർശ്" ആണ് അവൻ്റെ ഭാവി ഭാഗധേയം നിശ്ചയിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അന്ധ - ബധിര -മൂക ജനവിഭാഗങ്ങൾക്കുള്ള പ്രാദേശിക സഹായകേന്ദ്രമായിരുന്നു അത്. ഗോവിന്ദ് മജുംദാറിൻ്റെ അദ്ധ്യാപികയായ മെഹ്ബൂബർ റഹ്മാനാണ് ഈ അഭിമുഖം തയ്യാറാക്കാൻ പരിഭാഷകയായി പ്രവർത്തിച്ചത്.
അഞ്ചു സഹോദരങ്ങളിൽ മൂത്തവനായ ഗോവിന്ദ അമ്മയുടെയും വിവാഹിതനായ അനുജൻ്റെയും ഒപ്പമാണു താമസമെങ്കിലും ആരുടെയും ഔദാര്യത്തിനു കാക്കാതെ സ്വതന്ത്രനായിട്ടാണു ജീവിച്ചത്. ഏഴുവർഷംമുമ്പു മരണമടഞ്ഞ പിതാവ്, കുടുംബസ്വത്തായ രണ്ടേക്കർ കൃഷിയിടത്തിലെ എല്ലാവിധ കൃഷിപ്പണികളും മകനെ പഠിപ്പിച്ചിരുന്നു. അവനവിടെ നെല്ലും കടുകും വിളയിക്കുന്നതു കൂടാതെ, കാലികളെ വളർത്തുകയും ചെയ്യുന്നുണ്ട്. കൃഷിയിടത്തിൽനിന്നു ശേഖരിക്കുന്ന വസ്തുക്കളുപയോഗിച്ച് മുളകൊണ്ടുള്ള വാതിലുകൾ, ചണക്കയർ, ഈർക്കിൽചൂൽ തുടങ്ങിയവയുണ്ടാക്കി ചന്തയിൽ കൊണ്ടുപോയി വിറ്റ് അയാൾ വരുമാനമുണ്ടാക്കുന്നു.
ഗോവിന്ദ തൻ്റെ മുറി എപ്പോഴും വൃത്തിയും വെടുപ്പുമുള്ളതാക്കി സൂക്ഷിക്കുന്നു. "എൻ്റെ വസ്ത്രങ്ങളെല്ലാം അനുജൻ എടുക്കാതിരിക്കാൻ ഞാനൊരു സ്യൂട്ട്കെയ്സിൽവച്ചു പൂട്ടുകയാണുചെയ്യുന്നത് ". കോഴിയിറച്ചി തൻ്റെ വയറിനു പിടിക്കാത്തതിനാൽ സസ്യാഹാരമാണ് അയാൾക്കു പ്രിയം. "എന്തിനെയെങ്കിലും പേടിയുണ്ടോ?" എന്നു ചോദിച്ചപ്പോൾ "ആഴമുള്ള ജലാശയങ്ങൾ പേടിയാണ്" എന്നായിരുന്നു മറുപടി. അതുപോലെ വാഹനങ്ങളും അയാൾക്കു പേടിയാണ്. എന്നാൽ മെഹബൂബറുടെ സ്കൂട്ടറിനു പിന്നിലിരുന്നു യാത്രചെയ്യുന്നത് അയാൾക്കിഷ്ടമാണ്.
പുതിയ ഏതെങ്കിലും സന്ദർശകർ വരുമ്പോൾ അവരോട് അയാൾക്കു ചോദിക്കാൻ രണ്ടു ചോദ്യങ്ങളുണ്ട്: "നിങ്ങൾ ഏതുവഴിക്കാണു വന്നത്?" എന്നാണ് ആദ്യം ചോദിക്കുക. കാരണം, നല്ലതും എളുപ്പമുള്ളതുമായ വഴി അയാൾക്കു നിശ്ചയമാണ്. "നിങ്ങൾ വിവാഹിതനാണോ?" എന്നായിരിക്കും അടുത്ത ചോദ്യം. വിവാഹം കഴിക്കാൻ അയാൾ ഉത്സുകനാണ്. "അനിയൻ വിവാഹിതനാണ്. എനിക്കെന്തുകൊണ്ട് ആയിക്കൂടാ?" എന്ന് അയാൾ ചോദിക്കു ന്നു. രണ്ടു ലക്ഷം രൂപയുണ്ടായിരുന്നെങ്കിൽ പൂജാസാധനങ്ങൾ വില്ക്കുന്ന കട ഞാൻ തുടങ്ങുമായിരുന്നു". ഗോവിന്ദയ്ക്കു സാമ്പത്തികഭദ്രതയുണ്ടായാൽ ഗ്രാമത്തിൽ ആരെങ്കിലും അവരുടെ മകളെ അയാൾക്കു വിവാഹം ചെയ്തു കൊടുക്കാതിരിക്കില്ലെന്ന് മെഹബൂബറിന് ഉറപ്പുണ്ട്.
ഫോട്ടോഗ്രാഫർ വിക്കി റോയ് ഗോവിന്ദയെ സന്ദർശിച്ചപ്പോൾ അയാൾ ഇരുകൈകളിലെയും ചൂണ്ടുവിരലും നടുവിരലും ക്രോസ്സായി വലതുകണ്ണിൽ ചേർത്തുപിടിച്ച് ഒറ്റ ക്ലിക്ക്! അതാ, അയാളൊരു സ്നാപ്പെടുത്തുകഴിഞ്ഞു. നല്ല ഉശിരും ജിജ്ഞാസയും കഴിവുകളുമുള്ള ഒരു യുവാവ് - അതാണ് ഗോവിന്ദ!